ബ്രഹ്മസ്വം മഠം- പ്രാചീനസംസ്‌കൃതിയുടെ കേന്ദ്രം
വേദം അനാദിയും അപൗരുഷേയവുമാണ്. വേദപ്രാമാണ്യത്തെ അംഗീകരിക്കുന്നു എന്നതാണ് ആര്‍ഷ സംസ്‌കാരത്തിന്റെ അടിസ്ഥാനം. ശാസ്‌ത്രം വേദോക്തമാണ്. ആസ്‌തികചിന്ത ഇതില്‍നിന്നാണ് രൂപപ്പെടുന്നത്. ഇതിഹാസങ്ങളും പുരാണങ്ങളും ഇതിന്റെ ഭാഗമാണ്. നാനാത്വത്തിലെ ഏകത്വമാണ് ഭാരതത്തിന്റെ വൈശിഷ്‌ട്യം. ഈ ഏകത്വം അതിപുരാതനമായ വേദം എന്ന വിശിഷ്‌ടജ്ഞാനത്തെ അധികരിച്ചുണ്ടായതാണ്. മറ്റൊന്നിനും കല്‍പ്പിക്കാത്ത ശ്രേഷ്‌ഠതയും പവിത്രതയും പ്രത്യേകതയുമാണ് ഭാരതത്തിലെമ്പാടും വേദശാഖകള്‍ക്ക് ലഭിച്ചിട്ടുള്ളത്. അത്രമാത്രം പ്രാധാന്യം കല്‍പ്പിക്കപ്പെടുന്ന ആയിരത്താണ്ടുകള്‍ പഴക്കമുള്ള വിജ്ഞാന ശാഖ, പാഠഭേദമോ, പ്രക്ഷിപ്‌തമോ ഇല്ലാതെ കര്‍ണ്ണാകര്‍ണ്ണികയാ വാമൊഴിയായി ഹൃദിസ്ഥമാക്കിയാണ് ഇന്നേവരെ നിലനിര്‍ത്തപ്പെട്ടത്. അര്‍ത്ഥചിന്തയില്ലെങ്കിലും വിരോധമില്ല. ശബ്‌ദംതന്നെ ശ്രേയസ്‌കരമാണെന്നും ഉദാത്താനുദാത്തസ്വരിതപ്രചയങ്ങള്‍ തെല്ലുപോലും തെറ്റരുതെന്നുമുള്ള ഉറച്ച വിശ്വാസത്തോടെ ശബ്‌ദബ്‌ഹ്മത്തെ അതിന്റെ ആദിമരൂപത്തില്‍ത്തന്നെ ഇന്നും ആലപിച്ചുകൊണ്ടിരിക്കുന്നു. ഒരു ജനവിഭാഗമെന്നനിലക്ക് നിയോഗിക്കപ്പെട്ട നമ്പൂതിരിമാര്‍ കൈമാറിക്കൈമാറി ശബ്‌ദവൈചിത്ര്യത്തെ കാത്തുസൂക്ഷിക്കുകയുണ്ടായി. അതിന്റെ തനിമയോടും പരിപൂര്‍ണ്ണ ശുദ്ധിയോടും സമര്‍പ്പണത്തോടുംകൂടി, നൂറ്റാണ്ടുകളായി ഇടതടവില്ലാതെ വേദഘോഷം മുഴങ്ങുന്ന കേരളത്തിലെ അതി പ്രാചീന കേന്ദ്രമാണ് തൃശൂര്‍ വടക്കേമഠം ബ്രഹ്മസ്വം എന്ന ബ്രഹ്മസ്വം മഠം !
കേരളത്തിന്റെ സാംസ്‌ക്കാരിക തലസ്ഥാനം തൃശൂരാണെന്ന് പറയുന്നതിനുള്ള നിരവധി കാരണങ്ങളില്‍ ഒന്ന് വടക്കുന്നാഥ ക്ഷേത്രവും അതുമായി ബന്ധപ്പെട്ട ശ്രീ ശങ്കരാചാര്യരുടെ കഥയും അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ സ്ഥാപിച്ച മഠങ്ങളുമാണ്. വേദാന്ത പ്രചാരണത്തിനായി ആദിശങ്കരന്‍ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിലായി നാല് മഠങ്ങള്‍ സ്ഥാപിച്ചു. അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ ഒരൊറ്റ സ്ഥലത്ത് ഒരേ മേല്‍ക്കൂരക്കുള്ളിലായി നാലു മഠങ്ങള്‍ സ്ഥാപിക്കുകയാണ് ചെയ്‌തത്. അത് കേരളത്തില്‍ തൃശൂരായിരുന്നു. പത്മപാദാചാര്യരുടെ തെക്കേമഠവും, തോടകാചാര്യരുടെ ഇടയില്‍ മഠവും, സുരേശ്വരാചാര്യരുടെ നടുവില്‍ മഠവും, ഹസ്‌താമലകാചാര്യരുടെ വടക്കേമഠവുമാണവ. ഒരേ കെട്ടിടത്തില്‍ നാലു മഠങ്ങള്‍ മറ്റൊരിടത്തും കാണുമെന്ന് തോന്നുന്നില്ല. ദശനാമി സമ്പ്രദായത്തില്‍ വ്യത്യസ്‌ത പേരുകളിലാണ് ഓരോന്നും അറിയപ്പെടുന്നതെങ്കിലും ശ്രീ ശങ്കരാചാര്യ പരമ്പരയില്‍ത്തന്നെ നിലനില്‍ക്കുന്നു എന്നതാണ് അത്ഭുതം. അതിലൊന്നാണ് മറ്റെവിടേയും ഇതുപോലെ കാണാന്‍ കഴിയാത്തതും സജീവമായി പ്രവര്‍ത്തിച്ചുവരുന്നതുമായ വേദപാഠശാല.
1182 വര്‍ഷം മുമ്പ് ശ്രീഹസ്‌താമലകാചാര്യന്‍ സ്ഥാപിച്ച വടക്കേമഠത്തിലെ ഒരു സംന്യാസിവര്യന്‍ പരമ്പരയെ വാഴിക്കാതെ മഠവും സ്വത്തുക്കളും വേദപഠനത്തിനായി ഒഴിഞ്ഞുകൊടുക്കുകയാണ് ചെയ്‌തത്. അഞ്ഞൂറുവര്‍ഷം മുമ്പ് വേദജ്ഞന്മാരായ, യോഗക്കാരായ കുടുംബങ്ങള്‍ക്കുവേണ്ടി അവരുടെ ആചാര്യനായ ചാങ്ങലിയോട് വാദ്ധ്യാന്‍മഠം ഏല്‍പ്പിച്ചുകൊടുത്തതോടെ വടക്കേമഠം സംന്യാസിമഠം അല്ലാതായിത്തീരുകയും വടക്കേമഠം ബ്രഹ്മസ്വം എന്നപേരില്‍ പാഠശാലയായി അറിയപ്പെടാനിടയാവുകയും ചെയ്‌തു. അതിനുമുമ്പും തൃശൂരില്‍ വേദപഠനം നടന്നിരുന്നു. ഇന്നത്തെമട്ടിലായിരുന്നില്ലെന്നുമാത്രം. ഓത്തുചൊല്ലാത്ത ചങ്ങത (സംഹിത) കഴിയാത്ത ഒരാളും ഉണ്ടായിരുന്നില്ല. സംഹിതാപാഠം സ്വഗൃഹങ്ങളിലോ ഏതെങ്കിലും ആചാര്യന്റെ സവിധത്തിലോ പഠിക്കുന്നു. സമാവര്‍ത്തനം കഴിഞ്ഞാല്‍ തൃശൂര്‍ വടക്കുന്നാഥ ക്ഷേത്രത്തില്‍ ഉപാസന പതിവായിരുന്നു. അവര്‍ക്ക് താമസവും ഭക്ഷണവും അടുത്തുള്ള ഭക്തപ്രിയ ക്ഷേത്രത്തിലായിരുന്നു. അവിടെ വേദപാഠശാലയുടെ മൂല സ്ഥാനം ഭക്തപ്രിയത്താണ്. ചേര സാമ്രാജ്യകാലത്ത് തൃക്കണാമതിലകത്തുണ്ടായിരുന്ന പാഠശാല 8-ാം നൂറ്റാണ്ടില്‍ ഭക്തപ്രിയത്തേക്ക് മാറ്റിയതാണെന്നും പറയപ്പെടുന്നു. ആദിശങ്കരന്റെ പിതാവ് ശ്രീ. ശിവഗുരു ഇവിടെ പഠിച്ച് വടക്കുന്നാഥനെ പ്രാര്‍ത്ഥിച്ചിട്ടുണ്ടെന്നും ഐതിഹ്യമുണ്ട്.
യോഗിയാതിരിയുടെ മേല്‍നോട്ടത്തിലായിരുന്നു അന്നത്തെ വടക്കുന്നാഥ ക്ഷേത്ര ഭരണം. അദ്ദേഹം താമസിച്ചിരുന്നത് ഇന്ന് ബ്രഹ്മസ്വം മഠത്തില്‍ കോട്ട എന്ന പേരിലുള്ള നാലുകെട്ടിലായിരുന്നത്രെ. അവസാനത്തെ യോഗിയാതിരിയുടെ കാലം കൊല്ലവര്‍ഷം 983 ല്‍ പുതിയ യോഗിയാതിരിയെ അരിയിട്ടുവാഴ്‌ച നടത്താനുള്ള ശ്രമം നടന്നെങ്കിലും ഉള്‍പ്പോരും ചേരിതിരിവും ലഹളയും കാരണം അത് നടക്കാതെപോയി. പിന്നീട് യോഗിയാതിരി ഇല്ലാതായി. അപ്പോള്‍ അദ്ദേഹം താമസിച്ചിരുന്ന കോട്ടമാളിക ബ്രഹ്മസ്വം മഠത്തിന്റെ ഉപയോഗത്തിനായി ഒഴിഞ്ഞുകൊടുത്തു. മഠം അന്തേവാസികള്‍ ഇപ്പോള്‍ താമസിക്കുന്നത് ഈ കെട്ടിടത്തിലാണ്. തൃശൂര്‍ പൂരത്തിലെ പ്രസിദ്ധമായ തിരുവമ്പാടിയുടെ മഠത്തിലെ വരവ് ഇവിടെനിന്നാണ്. കോട്ടയിലെ നാലുകെട്ടിലെ വടുക്കിനിയിലാണ് ഭഗവതിയെ ഇറക്കിവെച്ച് പൂജിക്കുന്നത്. ഇവിടെ നിന്ന് എഴുന്നള്ളിപ്പ് പഴയ നടക്കാവിലെ മഠം പടിക്കലുള്ള പന്തലില്‍ ഏത്തിയാണ് പകലും രാത്രിയും വിസ്‌തരിച്ചുള്ള പഞ്ചവാദ്യം അരങ്ങേറുന്നത്.
പണ്ട് നടുവില്‍മഠം സമ്പന്നമായിരുന്നു. നാട്ടില്‍പ്പാതി നടുവില്‍മഠത്തിന് എന്നൊരു ചൊല്ലുതന്നെ ഉണ്ടായിരുന്നു. ഒരിക്കല്‍ ഒരു സ്വാമിയാര്‍ പൂരക്കമ്പം കാരണം സ്വര്‍ണ്ണംകൊണ്ടുള്ള കോലവും നെറ്റിപ്പട്ടവും ഉണ്ടാക്കിവെച്ചു. തിരുവമ്പാടിക്കാര്‍ ആ സാധനം ആവശ്യപ്പെട്ടപ്പോള്‍ ഒരു പോംവഴി കണ്ടെത്തി. പൂരക്കാര്‍ക്കും സ്വാമിയാര്‍ക്കും തൃപ്‌തിയായവിധം, തിരുവമ്പാടിയില്‍നിന്ന് പൂരം എഴുന്നള്ളിപ്പിന് രാവിലെ നടുവില്‍മഠത്തില്‍വന്ന് ഇറക്കിപ്പൂജകഴിച്ച് എഴുന്നള്ളിക്കുമ്പോള്‍ മഠത്തിലെ സ്വര്‍ണ്ണംകൊണ്ടുള്ള സാധനങ്ങള്‍ ഉപയോഗിക്കാമെന്നും പകല്‍പ്പൂരം കഴിഞ്ഞ് മഠത്തില്‍ത്തന്നെതിരിച്ചെത്തി ഇറക്കിപ്പൂജ ചെയ്‌ത് വീണ്ടും എഴുന്നള്ളിക്കുക എന്നതായിരുന്നുവത്രെ വ്യവസ്ഥ. രാവിലെ മഠത്തിലേക്കുള്ള വരവും പ്രസിദ്ധമായതങ്ങിനെയാണത്രെ ! മറ്റൊരു പ്രത്യേകത തിരുവമ്പാടി ഭഗവതിയുടെ ആറാട്ട് നടുവില്‍മഠം കടവില്‍ പടിഞ്ഞാറെ ചിറയിലാണ് നടത്തുന്നത്. അന്നും ഇന്നും എന്നാല്‍ വാദ്യാഘോഷത്തോടെ എഴുന്നള്ളിക്കുന്നതും ഇറക്കിവെക്കുന്നതും നടുവില്‍മഠത്തിലല്ല, വടക്കേമഠത്തിലെ കോട്ടയിലെ വടുക്കിനിയിലാണ്.
വടക്കേമഠം ബ്രഹ്മസ്വം വേദകേന്ദ്രമായി മാറിയതോടെ സംഹിത കഴിഞ്ഞവര്‍ക്ക് ഉപരിപഠനത്തിനുള്ള സ്ഥാപനമായിത്തീര്‍ന്നു. കേരളത്തിലെ മുഴുവന്‍ വേദജ്ഞര്‍ക്കും ഒത്തുകൂടാനുള്ള വേദിയായി ഏവരാലും അംഗീകരിക്കപ്പെട്ട് നിറഞ്ഞുനിന്നു. രാജാവിന്റെ പരിപൂര്‍ണ്ണ പിന്തുണയും സഹായവും ലഭ്യമായി. അതോടെ രാജാവിനെപ്പോലും നിയന്ത്രിക്കുന്ന ശക്തികേന്ദ്രമായി ഇത് വളര്‍ന്നു. അപ്പോഴേക്കും യോഗക്കാരില്‍ ചില കിടമത്സരങ്ങള്‍ തുടങ്ങി. കൊച്ചിയും സാമൂതിരിയും തമ്മിലുള്ള യുദ്ധങ്ങളില്‍ യോഗക്കാര്‍ വ്യത്യസ്‌ത പക്ഷം പിടിക്കാന്‍ ഇടയാകുകയും ചെയ്‌തു. അവരില്‍ ചിലര്‍ തിരുന്നാവായ കേന്ദ്രമാക്കി മറ്റൊരു സ്ഥാപനവും ആരംഭിച്ചു. ഏതാണ്ട് 400 വര്‍ഷം മുമ്പ് മലപ്പുറം ജില്ലയില്‍ സാമൂതിരിയുടെ ഒത്താശയോടെ പ്രവര്‍ത്തനം തുടങ്ങിയ ഓത്തന്മാര്‍ മഠമാണ് തിരുന്നാവായ ബ്രഹ്മസ്വം മഠം. കൊച്ചിരാജാവിന്റെ പിന്തുണ തൃശൂരിനും, തിരുന്നാവായക്ക് സാമൂതിരിയുടെ സഹായവും ലഭ്യമായതോടെ രണ്ടിടത്തും വേദപഠനത്തിലും പ്രയോഗത്തിലുമുള്ള ശ്രദ്ധയും താല്‍പ്പര്യവും ഏകാഗ്രതയും വളര്‍ന്നുവന്നു. രാജാക്കന്മാര്‍ അതില്‍ അഭിമാനികളായി മാറിയതോടെ വേദാഭിവൃദ്ധിയും പ്രകടമായി.
ബ്രഹ്മസ്വം മഠത്തിലെ തുടക്കക്കാരായ വിദ്യാര്‍ത്ഥികള്‍ മുതല്‍ മഹാ പണ്ഡിതന്മാര്‍വരെയുള്ളവരെ വിവിധ കിടകളാക്കി തരംതിരിക്കുക പതിവാണ്. അന്നും ഇന്നും എല്ലാ ദിവസവുമുള്ള ഓത്തുതുടങ്ങല്‍ എന്ന ചടങ്ങിന് വേണുഗോപാലമൂര്‍ത്തിയ്‌ക്കുമുന്നിലുള്ള തെക്കിനിയില്‍ ആചാര്യന്റെ നേതൃത്വത്തില്‍ ഓരോ കിടയും അവര്‍ പഠിച്ചത് പ്രയോഗിക്കുക പതിവാണ്. വാദ്ധ്യാനോ മറ്റോ അംഗീകരിക്കുന്നതനുസരിച്ചാണ് മുകളിലുളള കിടയിലേക്ക് കയറ്റം ലഭിക്കുക. അതില്‍ താഴ്‌ന്ന നിലയിലുള്ള കിഴക്ക്, പടിഞ്ഞാറ് കിടകള്‍ തമ്മില്‍ മത്സരം ഉണ്ടാകാറുണ്ട്. യോഗ്യത നേടുവാനുള്ള ഈ മത്സരമാണ് കിഴക്കുപടിഞ്ഞാറ് എന്നപേരില്‍ അറിയപ്പെടുന്നത്. എല്ലാ വര്‍ഷവും തുലാം മാസം 25-ാം തിയ്യതി അവസാനിക്കുന്നവിധം ഇപ്പോഴും കിഴക്കുപടിഞ്ഞാറ് മത്സര പരീക്ഷ തൃശൂരില്‍ നടന്നുവരുന്നുണ്ട്. തൃശൂര്‍, തിരുന്നാവ യോഗക്കാരായ ഓത്തന്മാര്‍ അവരവരുടെ പ്രാഗത്ഭ്യം തെളിയിക്കുന്നതിന് ഒത്തുകൂടിയിരുന്നത് കടവല്ലൂര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തിലായിരുന്നു. അംഗീകാരത്തിനായി യോഗക്കാര്‍ തമ്മില്‍ ക്രമപാഠത്തിലും (വാരമിരിക്കല്‍) വേദവികൃതികളിലും (ജട, രഥ) കടവല്ലൂര്‍ ക്ഷേത്രത്തില്‍വെച്ച് നടത്തിയിരുന്ന മത്സര പരീക്ഷയാണ് പ്രസിദ്ധമായിത്തീര്‍ന്ന കടവല്ലൂര്‍ അന്യോന്യം ! ഇതില്‍ പങ്കെടുക്കാനുള്ള അര്‍ഹത നേടുന്നത് കിഴക്കുപടിഞ്ഞാറു കഴിഞ്ഞശേഷം മാത്രമാണ്. അന്യോന്യത്തില്‍ പങ്കെടുക്കുന്നതുതന്നെ അഭിമാനം. ഏറ്റവും ഉയര്‍ന്ന ഡിഗ്രിയായ വലിയകടന്നിരിക്കല്‍ കഴിഞ്ഞാല്‍ ആരാധ്യനായ ഓത്തനായി ഏവരും അംഗീകരിക്കുകയും ചെയ്യും 1911 ല്‍ തൃശൂര്‍ വാദ്ധ്യാനും യോഗക്കാരും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉടലെടുത്തു. പിന്നീട് യോഗക്കാരും വാദ്ധ്യായനുമായി വ്യവഹാരംവരെ എത്തിച്ചെര്‍ന്നപ്പോള്‍ മഠത്തിന്റെ ഭരണം സര്‍ക്കാര്‍ ഏറ്റെടുത്തു. അത് 1946 വരെ നീണ്ടുനിന്നു. തുടര്‍ന്ന് കൊച്ചി മഹാരാജാവിന്റെ സാന്നിദ്ധ്യത്തില്‍ വാദ്ധ്യാന്‍മഠത്തിന്റെ ഭരണം യോഗക്കാരെ ഏല്‍പ്പിച്ചു. കൊച്ചി മഹാരാജാവ് തുല്യം ചാര്‍ത്തി നടപ്പാക്കിയ സ്‌കീം അനുസരിച്ച് വാദ്ധ്യായനാണ് പ്രസിഡണ്ട്. എന്നാല്‍ അന്നത്തെ വാദ്ധ്യാന്‍ വിസമ്മതിച്ചതിനാല്‍ അതൊരു സ്ഥാനം മാത്രമായി. തെരഞ്ഞെടുക്കകപ്പെടുന്ന വ്യക്തി വൈസ് പ്രസിഡണ്ട് എന്ന നിലയില്‍ ഭരണച്ചുമതല വഹിക്കുകയും സെക്രട്ടറി ഭരണ നിര്‍വ്വഹണം നടത്തുകയും ചെയ്യുകയാണ് പതിവ്. കൊച്ചി മഹാരാജാവിന് മഠത്തിനോടുണ്ടായിരുന്ന നിയന്ത്രണാധികാരം ഇപ്പോള്‍ കൊച്ചി ദേവസ്വം ബോര്‍ഡിനാണ്. ഭരണസമിതിയെ സഹായിക്കാന്‍ ഫിനാന്‍ഷ്യല്‍ സബ്ബ് കമ്മറ്റിയും ഉപദേശക സമിതിയും ഉണ്ട്.
1930 വരെ സംഹിത കഴിഞ്ഞവര്‍ ഉപരിപഠനങ്ങളായ പദം, ക്രമം, ജട, രഥ തുടങ്ങിയവ അഭ്യസിക്കാനാണ് മഠത്തില്‍ വരാറുള്ളത്. 1931 മുതല്‍ സംഹിതാ പാഠം കൂടി ആരംഭിച്ചു. അപ്പോള്‍ ഉപനയനം കഴിഞ്ഞ് 8 വയസ്സില്‍ത്തന്നെ വേദവിദ്യാര്‍ത്ഥികളായി ചേര്‍ന്ന് വേദവും വേദവികൃതികളും നിഷ്‌ക്കര്‍ഷയോടെ പഠിക്കുവാന്‍ തുടങ്ങി. 1952 ല്‍ പ്രത്യേകം തയ്യാറാക്കിയ പാഠ്യപദ്ധതിയനുസരിച്ച് വേദത്തോടൊപ്പം സ്‌കൂള്‍ വിഷയങ്ങളില്‍ ട്യൂഷന്‍ നല്‍കുന്ന സമ്പ്രദായവും 6-ാം ക്ലാസ്സിലെ വാര്‍ഷിക പരീക്ഷയെഴുതി 7-ാം ക്ലാസ്സ് മുതല്‍ സ്‌കൂളില്‍ച്ചേര്‍ന്ന് പഠിക്കുവാനുള്ള അവസരവും സംജാതമായി. നാലുവര്‍ഷത്തെ സംഹിതാകോഴ്‌സ് കഴിഞ്ഞവര്‍ പ്രത്യേക ചടങ്ങുകളോടെ വാദ്ധ്യാന്റെ കാല്‍ക്കല്‍ അഭിവാദ്യം ചെയ്യുന്നതോടെ ചങ്ങത്ത കഴിഞ്ഞവരായും 18 വയസ്സ് പൂര്‍ത്തിയായാല്‍ എ ക്ലാസ്സ് അംഗങ്ങളായും അംഗീകരിക്കപ്പെടുന്നു. മഠത്തില്‍ താമസിച്ച് ഓത്തുചൊല്ലി വാദ്ധ്യാന് അഭിവാദ്യം കഴിക്കാത്തവരും മഠം അംഗങ്ങളായുണ്ട്. അവര്‍ ബി ക്ലാസ്സ് അംഗങ്ങളാണ്. ചങ്ങത കഴിയുംവരെ സ്‌കൂള്‍ വിഷയ പഠനം ഭാഗികമാണ്. അഭിവാദ്യം കഴിഞ്ഞ ശേഷമേ സ്‌കൂളില്‍ ചേര്‍ന്നുള്ള പഠനം പതിവുള്ളു. അപ്പോള്‍ വേദപഠനം ഭാഗികമാകുമെങ്കിലും ഉപരിപഠനങ്ങളായ പദം, ക്രമം, ജട, രഥ എന്നിവയാണ് അഭ്യസിക്കുക. മറന്നുപോയത് തോന്നിപ്പിക്കുകയും ! കൂട്ടത്തിലുണ്ടാകും. ഈവിധം എത്രകാലം വേണമെങ്കിലും വിദ്യാര്‍ത്ഥിയുടെ കഴിവിനും അഭിരുചിക്കുമനുസരിച്ച് തുടരുകയും ഏത് പ്രൊഫഷണല്‍ ഡിഗ്രിയും സമ്പാദിക്കുവാന്‍ സൗകര്യമുണ്ടാക്കിക്കൊടുക്കുകയുമാണ് ലക്ഷ്യം. അങ്ങനെ പഠിച്ച് എഞ്ചിനീയര്‍, വക്കീല്‍, പ്രൊഫസര്‍ എന്നുതുടങ്ങി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ധാരാളമുണ്ട്. ബഹുമാന്യരായ ശ്രീ. ഇ. എം. എസ്., ശ്രീ. കുറൂര്‍ ഉണ്ണി നമ്പൂതിരിപ്പാട്, ശ്രീ. ഒ. എം. സി തുടങ്ങിയ നിരവധി പ്രഗത്ഭര്‍ മേല്‍പ്പറഞ്ഞവിധം മഠവുമായി ബന്ധപ്പെട്ടവരാണ്.
വളരെ ക്ലിഷ്‌ടമായ പഠന സമ്പ്രദായമാണിവിടെ. ഇപ്പോഴും കാലത്ത് 5 മണിക്കെഴുന്നേറ്റ് കുളിയും പ്രഭാത വന്ദനവും കഴിഞ്ഞാല്‍, മുമ്പുപഠിച്ച വേദമന്ത്രങ്ങള്‍ ഉറക്കെച്ചൊല്ലി ആചാര്യന്റെ സമക്ഷത്ത് സൂര്യനമസ്‌കാരം ചെയ്യണം. ഇതൊരുപാസനയാണ്. ശാരീരികവും മാനസികവുമായ എക്‌സര്‍സൈസ്‌കൂടിയാണ്. തുടര്‍ന്ന് സേവ എന്ന സമൂഹ പ്രാര്‍ത്ഥനയാണ്. എല്ലാവരും ചേര്‍ന്ന് വേണുഗോപാല മൂര്‍ത്തിക്കുമുന്നില്‍ സൂക്തങ്ങളും മറ്റും ചൊല്ലുന്നു. ഓത്തുചൊല്ലല്‍ എന്ന ചടങ്ങുകൂടി കഴിഞ്ഞേ ആഹാരം കഴിക്കൂ. പ്രാതല്‍ കഴിഞ്ഞ് 8 മണിക്ക് വേദക്ലാസ്സ് ആരംഭിക്കും. 12 വരെ അത് തുടരും. ഭക്ഷണശേഷം അഞ്ചരവരെ സംസ്‌കൃതം, ഇംഗ്ലീഷ്, കണക്ക് തുടങ്ങിയ വിഷയങ്ങള്‍ പഠിപ്പിക്കുന്നു. അഞ്ചരമുതല്‍ കളിക്കാം. സന്ധ്യയോടെ കുളിച്ച്, സന്ധ്യാവന്ദനം, സഹസ്രനാമജപം, ഓത്തുതുടങ്ങല്‍ എന്നിവയ്‌ക്കുശേഷം 8 മണിക്ക് അത്താഴം കഴിച്ചാല്‍ ഓരോ വിദ്യാര്‍ത്ഥിയും സ്വയം പഠിക്കുകയും ഗൃഹപാഠങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്‌ത് 10 മണിക്ക് കിടക്കുന്നു. അദ്ധ്യാപകരും മറ്റ് ജീവനക്കാരും മഠത്തില്‍ത്തന്നെയാണ് താമസിക്കുന്നത്. എന്നിരുന്നാലും കുട്ടികളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ ചുമതലപ്പെട്ട ഒരു വാര്‍ഡന്‍ പ്രത്യേകമായുണ്ട്. ഒരുവിധം തെറ്റാതെ കാര്യങ്ങള്‍ ചിട്ടയായി നടക്കുന്നതിലാല്‍ വിദ്യാര്‍ത്ഥികള്‍ പാഠ്യരംഗത്ത് പ്രാഗത്ഭ്യം തെളിയിക്കുന്നുണ്ട്. ഇതിനെല്ലാം നേതൃത്വം കൊടുക്കുന്നത് അദ്ധ്യാപകരും അക്കാദമിക്ക് കൗണ്‍സില്‍ ആയ ഉപാദ്ധ്യായസംഘവുമാണ്. വേദപഠനത്തില്‍ തുടക്കക്കാരെ പഠിപ്പിക്കുവാന്‍ അദ്ധ്യാപകര്‍ ഏറെ കഷ്‌ടപ്പെടണം. വിദ്യാര്‍ത്ഥിയും സ്വരം ഉറക്കുന്നതുവരെ ഉദാത്താനുദാത്തസ്വരിതമനുസരിച്ച് പറഞ്ഞുകൊടുത്തും തലപിടിച്ച് കുലുക്കിയും വേണം പഠിപ്പിക്കുവാന്‍. അതിനാല്‍ ഒരദ്ധ്യാപകന് രണ്ട് വിദ്യാര്‍ത്ഥികളില്‍ക്കൂടുതല്‍ പേരെ കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടാണ്. സ്വരമുറച്ചാല്‍ കുറേശ്ശെയായി മേല്‍പ്പോട്ട് ചൊല്ലുകയും ചൊല്ലിയവ തോന്നിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ ഋഗ്വേദം മുഴുവന്‍ 4 വര്‍ഷത്തെ നിരന്തര പ്രയത്‌നംകൊണ്ട് ഹൃദിസ്ഥമാക്കുന്നു. അതോടൊപ്പം വേദമുദ്രകളും പദങ്ങളും പരിചയപ്പെടുത്തുന്നു. മുദ്ര എന്ന സമ്പ്രദായം കേരളത്തില്‍ മാത്രമേ അവലംബിക്കുന്നുള്ളു. ഏത് അഷ്‌ടത്തില്‍ ഏത് ഓത്തില്‍ ഏത് വര്‍ഗ്ഗം എന്നത് ആചാര്യന്റെ മുദ്രകണ്ട് തിരിച്ചറിയാനുള്ള പ്രാഗത്ഭ്യം കേരളത്തിലുള്ളവര്‍ ആര്‍ജ്ജിക്കുന്നു. അതും, പ്രത്യേകരീതിയിലുള്ള ഉച്ചാരണ രീതിയും സ്വരവും മാത്രയും താളവും ചിട്ടയും മററ് സംസ്ഥാനങ്ങളില്‍നിന്ന് തികച്ചും വ്യത്യസ്‌തമാണ്. പ്രത്യേക സമ്പ്രദായത്തില്‍ സംഹിത, പദം, ക്രമം, തുടങ്ങിയവയും വേദ വികൃതികളും സ്വായത്തമാക്കുന്നു. മഠത്തിലെ മുടക്കുദിവസങ്ങളിലും പ്രത്യേകതയുണ്ട്. പ്രതിപദം, പ്രദോഷം, അഷ്‌ടമി തുടങ്ങിയവയാണ് അനദ്ധ്യായദിവസങ്ങള്‍.
വ്യാസജയന്തിയും (ഗുരുപൂര്‍ണ്ണിമ) ശ്രീശങ്കര ജയന്തിയുമാണ് തൃശൂര്‍ വടക്കേമഠത്തിലെ പ്രധാന ദിവസങ്ങള്‍. ശ്രീകൃഷ്‌ണ ജയന്തി, നവരാത്രി ആഘോഷം, ത്യാഗരാജ സമാധി ദിനം തുടങ്ങിയവയും യഥാശക്തി സമുചിതമായി ആഘോഷിക്കാറുണ്ട്. വിവിധ രംഗങ്ങളില്‍ പ്രശസ്‌തരും പ്രഗത്ഭരുമായ പലരും ഇത്തരം അവസരങ്ങളില്‍ പങ്കെടുക്കുകയും മഠം അന്തേവാസികളുമായി ഇടപഴകുകയും ചെയ്‌തുവരുന്നു. ഇത് പുതിയൊരവബോധത്തിനും പ്രചോദനത്തിനും ഗുണകരമാണ്. പലരേയും കാണാനും കേള്‍ക്കാനും മനസ്സിലാക്കാനും അവസരമുണ്ടാകുന്നു. ഇവകൂടാതെ ശ്രേഷ്‌ഠവ്യക്തികള്‍ പങ്കെടുക്കുന്ന പ്രസംഗങ്ങളും, പ്രഭാഷണ പരമ്പരകളും, സെമിനാറുകളും സംഘടിപ്പിക്കുവാന്‍ ഭരണസമിതി പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ഇത് മഠത്തിലുള്ളവര്‍ക്ക് പ്രയോജനപ്പെടുന്നതുപോലെ മഠത്തിന്റെ പേരും പെരുമയും പുറംലോകമറിയുവാനും അംഗീകരിക്കപ്പെടുവാനും ധാരാളം ഇടവരുത്തിയിട്ടുണ്ട്. ദേശത്തും വിദേശത്തുമുള്ള എത്രയോ മഹാന്മാര്‍ ജാതിമത വ്യത്യാസമില്ലാതെ കഴിഞ്ഞ കുറേ വര്‍ഷമായി മഠവുമായി ഈവിധം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു. ദൈനംദിന പ്രക്രിയകള്‍ക്കു കോട്ടം തട്ടാതെയുള്ള ഇത്തരം സംഗതികള്‍ എല്ലാ അര്‍ത്ഥത്തിലും മഠത്തിന് സഹായകമായിട്ടുണ്ട്. മാതാ അമൃതാനന്ദമയി, ശ്രീ രവിശങ്കര്‍, ശൃംഗേരി കാഞ്ചി പുരി ശങ്കരാചാര്യന്മാര്‍, പ്രോജാവര്‍സ്വാമികള്‍, നിരവധി സംന്യാസി ശ്രേഷ്‌ഠന്മാര്‍, റവ. ബിഷപ്പ് പൗലോസ് മാര്‍ പൗലോസ്, ഡോ. സുകുമാര്‍ അഴീക്കോട്, പ്രൊ. എം. എന്‍. വിജയന്‍, യൂസഫലി കേച്ചേരി, ഡോ. സ്റ്റാള്‍, ഗാനഗന്ധര്‍വ്വന്‍ ഡോ. കെ. ജെ. യേശുദാസ്, ജയചന്ദ്രന്‍, നെടുമുടി വേണു, കലാമണ്ഡലം ഗോപി, ഡോ. അലക്‌സാണ്ടര്‍, ഡോ, അയ്യങ്കാര്‍, ഡോ. മുരളീമനോഹര്‍ ജോഷി, മുന്‍ മുഖ്യമന്ത്രി, കെ. കരുണാകരന്‍, മന്ത്രിമാര്‍, എം. പി. മാര്‍, എം. എല്‍. എ. മാര്‍, ഹൈകോര്‍ട്ട് ജഡ്‌ജിമാര്‍, വൈദിക ശ്രേഷ്‌ഠര്‍, കവികള്‍, എഴുത്തുകാര്‍, ഉദ്യോഗസ്ഥ മേധാവികള്‍, സാംസ്‌കാരിക നായകര്‍, എന്നുതുടങ്ങി നീണ്ട ഒരു നിരതന്നെ പലപ്പോഴായി മഠം സന്ദര്‍ശിച്ചിട്ടുണ്ട്. ഒരുതരത്തിലല്ലെങ്കില്‍ മറ്റൊന്നായി ഇവരുടെയെല്ലാം സഹായവും ധാര്‍മ്മിക പിന്തുണയും മഠത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നുവെന്നത് കൃതജ്ഞതാപൂര്‍വ്വം അനുസ്‌മരിക്കുന്നു. രണ്ടുതവണ ദേശീയ സെമിനാറും ഒരിക്കല്‍ വേദസപ്‌താഹവും 2003 ല്‍ ജനപങ്കാളിത്തത്തോടെ വിപുലമായ രീതിയില്‍ സോമയാഗവും മഠത്തില്‍വെച്ച് നടക്കുകയുണ്ടായി. ഇപ്പോള്‍ കഴിഞ്ഞ നാലുമാസമായി ഏതെങ്കിലുമൊരു വിഷയത്തെ ആസ്‌പദമാക്കി ഒരു പണ്ഡിതന്‍ വിഷയം അവതരിപ്പിച്ച് ചര്‍ച്ച നടത്തുന്ന പ്രതിമാസ പ്രഭാഷണ പരമ്പര വേദഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടന്നുവരുന്നുണ്ട്. ഇത് നിരവധി ജിജ്ഞാസുക്കളെ മഠത്തിലേക്കാകര്‍ഷിക്കുന്നുമുണ്ട്.
മഠത്തിനകത്തും പുറത്തുമായി രണ്ടു ക്ഷേത്രങ്ങളുണ്ട്. മഠംവക ക്ഷേത്രങ്ങളില്‍ വര്‍ഷത്തിലൊരിക്കല്‍ ഋഗ്വേദലക്ഷാര്‍ച്ചന, ഭഗവത്‌സപ്‌താവഹം, സംഗീതാരാധന തുടങ്ങിയവയും നടത്താറുണ്ട്. ധാരാളം ഭക്തജനങ്ങള്‍ പങ്കെടുക്കാറുമുണ്ട്. പരസ്‌പരം ബന്ധപ്പെടാന്‍ ഇതുപകരിച്ചിട്ടുമുണ്ട്. പുറംലോകവുമായി പരിചയപ്പെടുത്തുന്നതിന് എല്ലാകൊല്ലവും വിദ്യാര്‍ത്ഥികളുടെ പഠനയാത്ര പതിവാണ്. ടി. വി യുണ്ടെങ്കിലും മാസത്തിലൊരിക്കല്‍ തിയ്യേറററില്‍പ്പോയി സിനിമ കാണാനുള്ള സൗകര്യം ചെയ്‌തുകൊടുക്കാറുണ്ട്.
ഋഗ്വേദ പാഠശാലയായ ബ്രഹ്മസ്വം മഠത്തില്‍ 2006 മുതല്‍ സാമവേദപഠനം കൂടി ആരംഭിച്ചിട്ടുണ്ട്. കേരളത്തില്‍മാത്രമുള്ള ജൈമിനീയ സാമവേദത്തില്‍ പ്രാഗത്ഭ്യം നേടിയവര്‍ വിരലിലെണ്ണാവുന്നവരേയുള്ളു. പഠിപ്പിക്കുവാനുള്ള സാഹചര്യവും കുറവാണ്. ഈ ന്യൂനത പരിഹരിക്കുവാനുള്ള ശ്രമ
ത്തിന്റെ ഭാഗമായാണ് സാമവേദ പഠനംകൂടി ആരംഭിച്ചത്. യജുര്‍വ്വേദ പഠനത്തിന്റെ കാര്യവും ശ്രദ്ധിക്കണമെന്ന തോന്നലോടെ 2007 ജൂണ്‍മുതല്‍ യജുര്‍വ്വേദവും പഠിപ്പിക്കുവാന്‍ തുടങ്ങിയിട്ടുണ്ട്. അങ്ങനെ ഇതൊരു ത്രിവേദ സംഗമ കേന്ദ്രമായി മാറിയിരിക്കുന്നു. ഇനി വൈദിക വിഷയങ്ങളില്‍ ആധികാരികമായ സ്ഥാനമാക്കി മഠത്തെ മാറ്റണമെന്നാണ് ഞങ്ങളുടെ മോഹം. മഠം വിദ്യാര്‍ത്ഥികള്‍ക്ക് പൂജാദി കാര്യങ്ങളില്‍ അത്യാവശ്യം അറിവ് പഠനം കഴിഞ്ഞ് പോകുമ്പോഴേക്കും ലഭ്യമാക്കാറുണ്ട്. മഠത്തിനുപുറത്തുള്ളവര്‍ക്കും വേദ-പൂജാദികാര്യങ്ങളില്‍ അടിസ്ഥാനപരമായ ധാരണയുണ്ടാക്കുവാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള വെക്കേഷന്‍ കോഴ്‌സ് കുറച്ചുകാലമായി നടത്തിവരുന്നുണ്ട്. രണ്ടുമാസത്തെ ഹ്രസ്വകാല കോഴ്‌സില്‍ പലഭാഗത്തുമുള്ളവര്‍ ചേര്‍ന്ന് പഠിക്കാറുണ്ട്. ഉപനയനം കഴിഞ്ഞവരെ മാത്രമേ മഠം വിദ്യാര്‍ത്ഥികളായി ചേര്‍ക്കാറുള്ളു. ഇന്നത്തെകാലത്തെ അണുകുടുംബ വ്യവസ്ഥയില്‍ പലര്‍ക്കും സ്വഗൃഹങ്ങളില്‍ ഇത്തരം ക്രിയകള്‍ നടത്താന്‍ സാധിക്കാതെ വരുന്നുണ്ട്. അതിനുള്ള പരിഹാരമെന്നോണം, താല്‍പ്പര്യമുള്ളവര്‍ക്ക് മഠത്തില്‍വന്ന് ഷോഡക്രിയകള്‍ പലതും യഥാവിധി വേദജ്ഞന്മാരുടെ നേതൃത്വത്തില്‍ ചെയ്‌തുകൊടുക്കാനുള്ള സൗകര്യവും സാഹചര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. പലരും ഈ അവസരം ഉപയോഗപ്പെടുത്തുകയും വിവിധതരം ക്രിയകള്‍ പലപ്പോഴായി വിശ്വാസമനുസരിച്ച് നടത്തിവരുന്നുമുണ്ട്. ഉപനയനം മുതല്‍ പിണ്ഡക്രിയവരെ !
സാധാരണ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന എല്ലാ സൗകര്യവും മഠം വിദ്യാര്‍ത്ഥികള്‍ക്കും ലഭ്യമാകുന്നുണ്ട്. എന്നാല്‍ മറ്റുപലയിടത്തുമില്ലാത്ത പ്രത്യേകതകളും യോഗ്യതകളും ഇവിടെയുണ്ടെന്നുമാത്രം. ഗുരുകുല സമ്പ്രദായത്തില്‍ ചിട്ടയോടെ അദ്ധ്യാപകന്റെ ശിക്ഷണത്തില്‍ വേദവും സംസ്‌കൃതവും നിഷ്‌ഠയോടെ പഠിക്കുന്നു. സ്‌കൂള്‍ പാഠ്യവിഷയങ്ങളായ, സംസ്‌കൃതം, ഹിന്ദി, ഇംഗ്ലീഷ്, കണക്ക്, സയന്‍സ്, സാമൂഹ്യ ശാസ്‌ത്രം തുടങ്ങിയവ പ്രത്യേകം അദ്ധ്യാപകരുടെ നേതൃത്വത്തില്‍ ട്യൂഷന്‍ക്ലാസ്സ് വഴി അഭ്യസിക്കുന്നു. കമ്പ്യൂട്ടര്‍ വിദഗ്‌ദന്റെ കീഴില്‍ അത്യാവശ്യം എല്ലാവര്‍ക്കും കമ്പ്യൂട്ടര്‍ പരിശീലനം നല്‍കിവരുന്നു. ഇംഗ്ലീഷ് പരിജ്ഞാനത്തിനും സംസാരശേഷിക്കും ഉപയുക്തമാകുംവിധം ഒരു റിട്ട. ടീച്ചറുടെ സേവനം വഴി വഴി സ്‌പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ്സുകളും നടക്കുന്നുണ്ട്. കളിക്കുവാനും ഉല്ലസിക്കുവാനും അവസരം നല്‍കുന്നു. പഠനയാത്രയും പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ പരിശീലനവും നടത്തുന്നു. സാഹിത്യോത്സവങ്ങളില്‍ മിടുക്കുകാണിക്കുവാനും കഴിവുപ്രകടിപ്പിക്കുവാനും ആവശ്യമായ പരിശീലനം ചെയ്‌തുകൊടുക്കുന്നതിനാല്‍ സംസ്ഥാന കലോത്സവങ്ങളിലടക്കം മഠം വിദ്യാര്‍ത്ഥികള്‍ സമ്മാനിതരാകുന്നു. ആനിലയില്‍ മറ്റു സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി താരതമ്യപ്പെടുത്തുമ്പോള്‍, അവര്‍ പഠിക്കുന്നവകൂടാതെ സംസ്‌കൃതവും വേദവും മറ്റും ഇവര്‍ അധികമായി പഠിക്കുന്നു. അങ്ങനെയുള്ള ഒരു യഥാര്‍ത്ഥ റസിഡന്‍ഷ്യല്‍ വേദിക് സ്‌കൂളാണ് ബ്രഹ്മസ്വം മഠം !
പണ്ട് രാജാക്കന്മാരുടേയും പ്രഭുക്കന്മാരുടേയും സഹായവും ശ്രദ്ധയും ഉണ്ടായിരുന്നപ്പോള്‍ സ്വന്തമായി ധാരാളം ഭൂസ്വത്തും പാട്ടമിച്ചവാരം തുടങ്ങിയവയും ലഭ്യമായിരുന്നകാലത്ത് ബ്രഹ്മസ്വം മഠം സമ്പന്നമായിരുന്നു. ഭൂപരിഷ്‌കരണ നിയമം വന്നതോടെ അവസ്ഥ മാറി. സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയാതായി. അന്നുമുതല്‍ മഹാമനസ്‌കരായവരുടെ സഹായമാണ് മഠത്തിന്റെ നിലനില്‍പ്പിനും നിത്യനിദാനത്തിനും ആധാരം. കേന്ദ്രഗവണ്മെന്റില്‍ മനുഷ്യവിഭവശേഷി വകുപ്പിന്റെ കീഴിലുള്ള മഹര്‍ഷി സാന്ദീപനി രാഷ്‌ട്രീയവേദവിദ്യാപ്രതിഷ്‌ഠാന്‍ മഠത്തെ അംഗീകരിക്കുകയും അദ്ധ്യാപകരുടെ ശമ്പളം വിദ്യാര്‍ത്ഥികളുടെ സ്റ്റൈപ്പന്റ് എന്നിവക്കായി വര്‍ഷത്തില്‍ ഗ്രാന്റ് അനുവദിക്കുകയും ചെയ്‌തിരുന്നതാണ്. കുറച്ചുകാലം ലഭിക്കുകയും ചെയ്‌തു. എന്നാല്‍ കേന്ദ്രത്തിലെ ചില നയപരമായ മാറ്റങ്ങളോടെ മഠത്തിനുള്ള ആനുകൂല്യം നിര്‍ത്തലാക്കപ്പെട്ടു. ഒരു ട്രസ്റ്റുപോലെ പ്രവര്‍ത്തിക്കുന്നതും പണ്ട് സര്‍ക്കാര്‍ അംഗീകരിച്ചതും പ്രത്യേക നിയമാവലിയനുസരിച്ച് ജനാധിപത്യപരമായി ഭരണം നടത്തുന്നതും വര്‍ഷാവര്‍ഷങ്ങളില്‍ ദേവസ്വത്തിന്റെയും ചാര്‍ട്ടേഡ് അക്കൗണ്ടന്റേയും ഓഡിറ്റ് നടത്തി പൊതുയോഗം പാസ്സാക്കുന്ന ബജറ്റ് അനുസരിച്ച് പ്രവര്‍ത്തിക്കുന്നതുമായ മഠം, സൊസൈറ്റി ആക്‌ട് പ്രകാരം വീണ്ടും റജിസ്റ്റര്‍ ചെയ്‌താലേ ഗ്രാന്റനുവദിക്കുകയുള്ളു. എന്നാണ് ഉജ്ജയിനി ആസ്ഥാനമാക്കി ഭരണം നടത്തുന്ന വേദവിദ്യാപ്രതിഷ്‌ഠാന്റെ നിര്‍ദ്ദേശം. ഇത് പ്രായോഗികമല്ലാത്തതിനാല്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി പ്രസ്‌തുത ഗ്രാന്റ് ലഭിക്കുന്നില്ല. സംസ്ഥാന ഗവണ്മെന്റിന്റെ യോതൊരു ആനുകൂല്യവും ഇല്ല. മിച്ചവാരം വെറുംപാട്ടം വര്‍ഷാവസാനമിനത്തില്‍ വര്‍ഷംതോറും ലഭിക്കേണ്ട ചെറിയ സംഖ്യതന്നെ കഴിഞ്ഞ നാലഞ്ചുവര്‍ഷമായി ലഭിക്കുന്നുമില്ല. നേരിട്ടും കത്തുമുഖേനയും ബന്ധപ്പെട്ടവരോടാവശ്യപ്പെടുകയും അപേക്ഷിക്കുകയുമുണ്ടായി. ഫലം ആയിട്ടില്ല.
കൊച്ചിന്‍ ദേവസ്വംബോര്‍ഡ് കുറച്ചുവര്‍ഷമായി പ്രതിവര്‍ഷം പതിനായിരം രൂപ അനുവദിച്ചുതന്നിരുന്നത് കഴിഞ്ഞവര്‍ഷം ഇരുപതിനായിരം രൂപയാക്കി വര്‍ദ്ധിപ്പിക്കുകയുണ്ടായി. ശൃംഗേരി ശങ്കരാചാര്യര്‍ പത്തുവര്‍ഷംമുമ്പ് മഠത്തിന്റെ ക്ഷണം സ്വീകരിച്ച് ഇവിടെ വന്നശേഷം പ്രതിമാസം രണ്ടായിരം രൂപപ്രകാരം വേദപഠനത്തിനുള്ള സഹായമായി അനുവദിച്ചിരുന്നതാണ് ഇത്രയുംകാലം മുടങ്ങാതെ ലഭിച്ച സംഖ്യ. മഠംവക കുറെ കെട്ടിടങ്ങളുണ്ട്. വാടകയിനത്തില്‍ അതില്‍നിന്നുള്ള തുകയാണ് മറ്റൊരു വരുമാനമാര്‍ഗ്ഗം. ഗുരുവായൂര്‍ ദേവസ്വം, തിരുവിതാംകൂര്‍ ദേവസ്വം എന്നിവിടങ്ങളില്‍ അപേക്ഷകള്‍ സമര്‍പ്പിക്കാറുണ്ടെങ്കിലും ആനുകൂല്യങ്ങളൊന്നും അനുവദിക്കുകയുണ്ടായില്ല. മഹാമനസ്‌കനായ ഒരു വേദബന്ധു ത്രിവേദപഠനങ്ങള്‍ക്കായി പ്രതിമാസം പതിനായിരം രൂപയും വേദസംരക്ഷണ നിധിയിലേക്ക് ഒരുലക്ഷവും അനുവദിച്ചതാണ് ഈയിടെയുണ്ടായ അനുഗ്രഹം. തിരുപ്പതി ദേവസ്ഥാനം വേദപഠനത്തിന്നായി ഒരു സംഖ്യ അനുവദിച്ചിട്ടുണ്ട്.
ഓരോ ദിവസത്തേയും ഭക്ഷണച്ചിലവ് സ്‌പോണ്‍സര്‍ ചെയ്യുന്ന അന്നദാനം എന്‍ഡോവ്‌മെന്റ്‌സ്‌കീം മഠത്തിന് ഏറെ പ്രയോജനപ്പെടുന്നുണ്ട്. പതിനായിരം രൂപ നിക്ഷേപിച്ചാല്‍ അതിന്റെ പലിശകൊണ്ട് ഒരുദിവസത്തെ പൂജയും അന്നദാനവും നടത്തുക എന്നതാണ് ഈ സ്‌കീംകൊണ്ട് ലക്ഷ്യമിടുന്നത്. ഇപ്പോള്‍ ഒരുദിവസത്തെ ഭക്ഷണച്ചിലവിന് എണ്ണൂറ് രൂപയിലധികം വേണ്ടിവരും. താല്‍പ്പര്യമുള്ള, ഉദ്ദേശിക്കുന്ന ദിവസം മഠത്തില്‍
വെച്ച് മേല്‍പ്പറഞ്ഞവിധം അന്നദാനത്തിനായി തരുന്നവരെക്കൂടാതെ ഏകദേശം ഇരുന്നൂറുദിവസത്തേക്കുള്ള സംഖ്യ സ്വരൂപിക്കാന്‍ മഠത്തെ സ്‌നേഹിക്കുന്നവരുടെ ഈ മഹാവേദ പാരമ്പര്യം നിലനില്‍ത്തണമെന്ന് ആഗ്രഹിക്കുന്നവരുടെ ഉള്ളറിഞ്ഞുള്ള സഹായംകൊണ്ട് സാധിച്ചിട്ടുണ്ട്. മഹമനസ്‌കനായ ഒരു വേദബന്ധു അന്നദാനം എന്റോമെന്റ് ആയി വലിയൊരു സംഖ്യ ഈയിടെ സംഭവന നല്‍കുകയുണ്ടായി.
അതിപുരാതന താളിയോല ഗ്രന്ഥങ്ങള്‍ മഠത്തിലുണ്ട്. ആരും വേണ്ടത്ര ശ്രദ്ധിക്കാറില്ല. വേദപണ്ഡിതന്മാര്‍ വേദം ആരോഹണമായും അവരോഹണമായും ചൊല്ലാനറിയുന്നവര്‍ ഇവിടെയുണ്ട്. ഓരോ പദവും വ്യാഖ്യാനിക്കാനും അതിന്റെ ധ്വനിയും അന്തസത്തയും മനസ്സിലാക്കാനും പാണ്ഡിത്യമുള്ള വേദം ചൊല്ലാനറിയില്ലെങ്കിലും സംസ്‌കാരം വേണ്ടതുപോലെ ഉള്‍ക്കൊണ്ട മഹണ്ഡിതന്മാര്‍ നമുക്കുണ്ട്. വിവിധ രംഗങ്ങളില്‍ ഉപസ്ഥിതി നേടിയവരും കുറവല്ല. ഇവരെയെല്ലാം ഉപയോഗപ്പെടുത്തി വേദഗവേഷണം നടത്തി ഇതിലെ അഭൗമവും അതിഗഹനവുമായ വസ്‌തുതകള്‍ സാധാരണക്കാര്‍ക്കുകൂടി പ്രയോജനപ്പെടുംവിധം പുനരാവിഷ്‌ക്കരിക്കണമെന്ന് ഞങ്ങള്‍ക്ക് മോഹമുണ്ട്. ആ നിലക്ക് മുന്‍ കേന്ദ്ര മന്ത്രി ഡോ. മുരളിമനോഹര്‍ ജോഷി തറക്കല്ലിട്ട വേദഗവേഷണകേന്ദ്രം പ്രാവര്‍ത്തികമായി. ശ്രീ ഇ ചന്ദ്രശേഖരന്‍ എന്ന ഒരു മഹാനുഭാവന്‍ വേദഗവേഷണകേന്ദ്രത്തിന്റെ നിര്‍മ്മാണം സ്വയം ഏറ്റെടുക്കുകയാണുണ്ടായത്. ആയിരത്തിലധികം താളിയോലഗ്രന്ഥങ്ങളും അനേകം വിലപിടിപ്പുള്ള വൈദികപുസ്‌തകങ്ങളും സംഘടിപ്പിയ്‌ക്കുവാന്‍ മഠത്തിനു സാധിച്ചു. ഗവേഷണകേന്ദ്രത്തിന്റെ ഔപചാരികമായ ഉദ്‌ഘാടനം 2008ല്‍ മുന്‍രാഷ്ട്രപതി ഭാരതരത്‌നം ഡോ. എ.പി.ജെ അബ്ദുള്‍കലാം നിര്‍വ്വഹിയ്‌ക്കുകയുണ്ടായി. വടക്കെമഠം ബ്രഹ്മസ്വം വേദഗവേഷണകേന്ദ്രം എന്ന ഒരു ചാരിറ്റബിള്‍ ട്രസ്റ്റ് ആയി ഇതു റജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്.
വേദഗവേഷണകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി എല്ലാ മാസവും വൈദികവിഷയങ്ങളെ ആസ്‌പദമാക്കി പ്രഗത്ഭ പണ്ഡിതന്മാരെ പങ്കെടുപ്പിച്ച് പ്രതിമാസ പ്രഭാഷണപരമ്പര നടത്തിക്കൊണ്ടിരിയ്‌ക്കുന്നു. ഒരു വര്‍ഷം അവതരിപ്പിയ്‌ക്കപ്പെട്ട 12 പ്രബന്ധങ്ങള്‍ സമാഹരിച്ച് വേദവീചികള്‍ എന്നപേരില്‍ പുസ്‌തകമായി പ്രസിദ്ധീകരിച്ചു. ഡെല്‍ഹിയിലെ ഇന്ദിരാഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ദി ആര്‍ട്ട്‌സ്, ആകാശവാണി, കേരള കോഴിക്കോട് സര്‍വ്വകലാശാലകള്‍ എന്നിവരുമായി സഹകരിച്ച് നാലുതവണ ദേശീയസെമിനാറുകളും രണ്ടുതവണ ദേശീയശില്‌പശാലയും സംഘടിപ്പിയ്‌ക്കുകയുണ്ടായി. സര്‍വ്വകലാശാലകളിലും സെമിനാര്‍ സംഘടിപ്പിച്ചു.
ഋഗ്വേദപാഠശാല എന്ന നിലയില്‍ സംഹിത, പദം, ക്രമം എന്നീ പ്രകൃതിപാഠങ്ങളും ജട, രഥ തുടങ്ങിയ വേദവികൃതികളും നിലനിര്‍ത്തുവാന്‍ ആചാര്യന്മാര്‍ അനുവര്‍ത്തിച്ചിട്ടുള്ള ത്രിസന്ധ എന്ന ക്ലിഷ്ടമായ പഠന-ഉപാസനാ പ്രക്രിയ ഇപ്പോള്‍ നടന്നുവരികയാണ്. 15 വര്‍ഷത്തിനുശേഷം കേരളത്തിലെ ഋഗ്വേദപണ്ഡിതന്മാര്‍ക്കെല്ലാം ഒത്തുകൂടാനും സാമ്പ്രദായികമായി പ്രയോഗിയ്‌ക്കുവാനും വര്‍ക്കംചൊല്ലാനും അവസരമൊരുക്കിയത് നൂറ്റാണ്ടുകളായി അനുവര്‍ത്തിച്ചുവരുന്ന സമ്പ്രദായം പുതിയ തലമുറയ്‌ക്ക് പരിചയപ്പെടുത്തുവാനും ഇപ്പോള്‍ പഠിയ്‌ക്കുന്നവര്‍ക്കും പണ്ട് പഠിച്ചവര്‍ക്കും ഉപസ്ഥിതി നേടുവാനുംകൂടി സഹയകമാകും എന്ന ഉറച്ചവിശ്വാസംകൊണ്ടാണ്. തൃശ്ശൂര്‍യോഗത്തിന്റെ കണ്ണിപൊട്ടാതെ സൂക്ഷിയ്‌ക്കുവാനുള്ള പരിശ്രമത്തില്‍ തിരുനാവായയോഗത്തിലെ വേദജ്ഞന്മാര്‍ യോഗ്യരായി?പങ്കെടുക്കുന്നു എന്നതും, തൃശ്ശൂരിന്റേയും തിരുനാവയയുടേയും ആലാപനസമ്പ്രദായഭേദങ്ങള്‍ തിരിച്ചറിയുവാന്‍ ഇടയാക്കുന്നു എന്നതും തുടക്കക്കാരായ പഠിതാക്കള്‍ക്ക് പുതിയ അറിവും അനുഭവവുമായിരിയ്‌ക്കും. നാലുകൊല്ലത്തെ വെക്കേഷനുകളിലായാണ് എട്ടുമാസത്തിലേറെക്കാലം നീണ്ടുനില്‍ക്കുന്ന ത്രിസന്ധ സംഘടിപ്പിയ്‌ക്കുന്നത്. പാരമ്പര്യം നിലനിര്‍ത്തുന്നതോടൊപ്പം വേദാലാപനവും വേദര്‍ത്ഥവിചിന്തനവും താല്‍പ്പര്യമുള്ളവര്‍ക്കെല്ലാം സാദ്ധ്യമാകുവാന്‍ മൂന്നുമാസത്തെ ഒരു ഹ്രസ്വകാലവേദപരിചയകോഴ്‌സ് മഠം ആവിഷ്‌ക്കരിച്ചിരിയ്‌ക്കുന്നു. പാരമ്പര്യരീതിയിലുള്ള ആലാപനസമ്പ്രദായവും വേദാങ്‌ഗങ്ങള്‍, ബ്രാഹ്മണങ്ങള്‍, ആരണ്യകങ്ങള്‍, ഉപനിഷത്തുക്കള്‍ എന്നിവയും പരിചയപ്പെടുത്തുന്ന തരത്തിലാണ് കോഴ്‌സ്സ് വിഭാവനം ചെയ്‌തിരിയ്‌ക്കുന്നത്. 12 ഞായറാഴ്‌ചകളിലായി പാരമ്പര്യവേദജ്ഞരും ആധുനികഗവേഷകരും ക്ലാസ്സ് എടുത്ത് വേദസംസ്‌ക്കാരവും വിജ്ഞാനവും ജിജ്ഞാസുക്കളിലെത്തിയ്‌ക്കുക എന്നതാണ് മഠം ലക്ഷ്യമിടുന്നത്. വേദഗവേഷണകേന്ദ്രത്തില്‍ നടന്നുവരുന്ന ഈ ക്ലാസുകളില്‍ അമ്പതോളം പഠിതാക്കള്‍ താല്‌പര്യപൂര്‍വ്വം പങ്കെടുത്തുവരുന്നു.
വേദപ്രചരണാര്‍ത്ഥം പുസ്‌തകങ്ങളും ലഘുലേഖകളും മഠം പ്രസിദ്ധീകരിച്ചുവരുന്നു. 2 വര്‍ഷത്തിലേറെ കാലമായി വേദധ്വനി എന്നപേരില്‍ ഒരുമാസികയും പ്രസിദ്ധീകരിച്ചുവരുന്നുണ്ട്. വേദോപാസന എന്നപേരില്‍ 2 വോള്യം ഓഡിയോ സീഡിയും, കേരളീയ വേദപാഠ്യപദ്ധതി എന്നപേരില്‍ ഋഗ്വേദം, യജുര്‍വ്വേദം, സമവേദം എന്നിവ മഠത്തില്‍ പഠിപ്പിച്ചുവരുന്ന സമ്പ്രദായം വീഡിയോസീഡിയായും പുറത്തിറക്കിയിട്ടുണ്ട്. IGNCA, New Delhi ഇവിടെ വന്ന് ഋഗ്വേദവും യജുര്‍വ്വേദവും പൂര്‍ണ്ണമായി റിക്കാര്‍ഡ് ചെയ്‌തുകഴിഞ്ഞു. ഇപ്പോള്‍ ത്രിസന്ധ റിക്കാര്‍ഡ് ചെയ്‌തുകൊണ്ടിരിയ്‌ക്കുകമായാണ്.
യുനെസ്‌കോ വേദോച്ചോരണസമ്പ്രദായത്തെ അടുത്തയിടെ അംഗീകരിക്കുകയുണ്ടായി. പൈതൃക സ്വത്തും പാരമ്പര്യവും സംരക്ഷിക്കുകയും പരിപോഷിപ്പിക്കുകയുമാണ് ലക്ഷ്യം. അതനുസരിച്ച് മഠത്തിന്റെ അപേക്ഷ പ്രകാരം ബന്ധപ്പെട്ട അധികാരികള്‍ മഠം സന്ദര്‍ശിക്കുകയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്‌തു. മറ്റെങ്ങും കാണാത്ത പല സവിശേഷതകളുമുള്ള ബ്രഹ്മസ്വം മഠത്തെക്കുറിച്ച് അവര്‍ക്ക് സംതൃപ്‌തി അനുഭവപ്പെട്ടതായി അറിഞ്ഞു. പുതിയ പദ്ധതികള്‍ തയ്യാറാക്കി വേദ പരിരക്ഷണത്തിനും പരിപോഷണത്തിനും സഹായം ചെയ്യുവാന്‍ അവര്‍ സന്നദ്ധരായിട്ടുണ്ട്. 8 ലക്ഷം രൂപ അനുവദിയ്‌ക്കുകയുണ്ടായി.
കേരളത്തില്‍ എയ്‌ഡഡ് സ്‌കൂളുകളും അംഗീകൃത സ്‌കൂളുകളും നിലവിലുണ്ട്. മഠം ഗുരുകുല സമ്പ്രദായത്തിലുള്ള സ്‌കൂളാണ്. പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശിക്കുന്ന വിഷയങ്ങളെല്ലാം പഠിപ്പിക്കുന്ന സ്ഥാപനവുമാണ്. സംസ്‌കൃതവും വേദവും പ്രത്യേകമായി അഭ്യസിപ്പിക്കുന്നു എന്നുമാത്രം. എന്നിട്ടും ഇതിന് സഹായമോ അംഗീകാരമോ ഗവണ്മെന്റില്‍നിന്നുണ്ടായിട്ടില്ല. മഠം വിദ്യാര്‍ത്ഥികള്‍ക്കു നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് സര്‍ക്കാര്‍ അംഗീകരിക്കുകയാണെങ്കില്‍ അതൊരനുഗ്രഹമാകും. കുടുതല്‍ കുട്ടികള്‍ക്ക് ഇവിടെ ചേര്‍ന്ന് പഠിക്കുവാനുള്ള താല്‍പ്പര്യമുണ്ടാകും. വിദ്യാഭ്യാസമന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചതിന്റെ ഫലമായി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പരിശോധന നടത്തി മഠത്തിന് അനുകൂലമായവിധം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.
സംഹിത കഴിഞ്ഞാല്‍ തൃശൂരുള്ള നമ്പൂതിരി വിദ്യാലയത്തിലോ മറ്റോ തുടര്‍പഠനം നടത്തുക എന്നതാണ് പതിവ്. 2008 മുതല്‍ മഠം വിദ്യാര്‍ത്ഥികളെ ഭാരതീയവിദ്യാഭവനില്‍ ചേര്‍ത്ത് പഠിപ്പിച്ചുവരുന്നു. വിദ്യാഭവന്റെ അധികാരികള്‍ മഠത്തെ സഹായിക്കുവാന്‍ സന്നദ്ധരായതില്‍ സന്തോഷം തോന്നുന്നു. അതൊരംഗീകാരമാകുമെന്നതില്‍ കൃതജ്ഞതയും ഉണ്ട്.
സമൂഹത്തിന്റെ ശ്രദ്ധയും താല്‍പ്പര്യവുമുണ്ടെങ്കിലേ ഇക്കാലത്ത് സ്ഥാപനങ്ങള്‍ വളരൂ. പണ്ട് എല്ലാവരും മഠത്തില്‍ വന്നിരുന്നില്ല. ഇന്നതല്ല സ്ഥിതി. ജാതിമതഭേദമന്യേ ഇവിടുത്തെ ചിട്ടക്ക് കോട്ടംവരാത്തരീതിയില്‍ ആര്‍ക്കും പ്രവേശിക്കാം. വേദവും വേദ പഠനവും അതുവഴിയുള്ള സംസ്‌കാരവും പ്രാധാന്യവും ഉദാത്തവുമാണെന്ന് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. അതനുസരിച്ച് അക്കാദമിക് താല്‍പ്പര്യത്തോടെ ധാരാളംപേര്‍ അന്വേഷിക്കുകയും മനസ്സിലാക്കാന്‍ ശ്രമിക്കുകയും ചെയ്‌തുവരുന്നുണ്ട്. വിശിഷ്‌ടമായ ഈ ജ്ഞാനം ആരുടേയും സ്വകാര്യസ്വത്തല്ല. സമൂഹത്തിനുമുഴുന്‍ പ്രയോജനപ്പെടണം. എന്നാല്‍ അതുള്‍ക്കൊള്ളാനുള്ള പ്രാഥമിക യോഗ്യതയും അതിനോടുള്ള മമതയും അനിവാര്യമാണ്. അദ്ധ്യാപനവും പഠനവും പ്രചരണവും കൂടുതല്‍ ശക്തമാക്കണം. പഠിക്കുവാനും പഠിപ്പിക്കുവാനും ഇന്ന് ആര്‍ക്കും അര്‍ഹതയുണ്ട്. വേദാധികാരചര്‍ച്ചപോലും അപ്രസക്തമാണ്. അതിനാല്‍ വൈദേശിക പണ്ഡിതന്മാര്‍ കാണിക്കുന്ന ജിജ്ഞാസയെങ്കിലും നമ്മുടെനാട്ടുകാര്‍ കൂടുതലായി കാണിക്കേണ്ടിയിരിക്കുന്നു. വേദപഠനവും സ്‌കൂള്‍ പഠനവും ഒരുമിച്ചുകൊണ്ടുപോകാവുന്ന ബ്രഹ്മസ്വം മഠംപോലുള്ള മറ്റു സ്ഥാപനങ്ങള്‍ ഇല്ലാത്തതിനാല്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ അവിടെ ചേര്‍ന്ന് പഠിക്കുകയാണ് വേണ്ടത്. ഇതൊരു പിന്തിരിപ്പന്‍ ആശയമോ തലതിരിഞ്ഞ സമ്പ്രദായമോ അല്ല. ആര്‍ഷസംസ്‌കൃതിയുടെ, ഒരു മഹാവിജ്ഞാന ശാഖയുടെ ചെറിയൊരു കണ്ണിമാത്രമാണ്. അത് അറ്റുപോകാതെ കാത്തുസൂക്ഷിക്കേണ്ടത് പൈതൃകത്തേയും ചരിത്രത്തേയും സ്‌നേഹിക്കുന്നവരുടെ മുഴുവന്‍ കടമയാണ്. പ്രസാര്‍ഭാരതിയുടെ സഹായത്തോടെ ആകാശവാണി ദില്ലി കേന്ദ്രം മഠത്തെക്കുറിച്ച് വിശദമായി പ്രചരണം നടത്തി. മഠം പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ദൂരദര്‍ശന്‍ കേന്ദ്രം വീഡിയോ പ്രദര്‍ശനത്തിനുവേണ്ടുന്ന സജ്ജീകരണമൊരുക്കിയിട്ടുണ്ട്. ഡിസ്‌കവറി ചാനലും പ്രാദേശിക ചാനലുകളും ഇവിടത്തെ പ്രവര്‍ത്തനങ്ങള്‍ സംപ്രേക്ഷണം ചെയ്‌തിട്ടുണ്ട്. ആകാശവാണി തൃശൂര്‍ നിലയവും, മറ്റു പത്രമാധ്യമങ്ങളും പരമാവധി പ്രോത്സാഹനം ചെയ്‌തുതരുന്നുണ്ട്.
അറിയാന്‍വേണ്ടി നാട്ടുകാരും പണ്ഡിതന്മാരും ആത്മാര്‍ത്ഥമായി മഠത്തിലേക്കുവന്നാല്‍ മാത്രമേ നൂറ്റാണ്ടുകളായി അനുസ്യൂതം അഭംഗുരം തുടര്‍ന്നുവരുന്ന പാരമ്പര്യ സമ്പ്രദായങ്ങളും പുരോഗമനാശയങ്ങളും ആധുനിക വിജ്ഞാനവും സമന്വയിപ്പിച്ചുകൊണ്ടുള്ള കേന്ദ്രമാക്കി മാറ്റാന്‍ കഴിയൂ. അപ്പോള്‍മാത്രമേ ബ്രഹ്മസ്വം മഠം എന്ന അതി പ്രാചീന വേദപാഠശാല സമൂഹത്തിനുമുഴുവന്‍ പ്രയോജനകരമായ സ്ഥാപനമായി രൂപപ്പെടുകയുള്ളു.അതിന് അധികാരികളും വേദബന്ധുക്കളും ആര്‍ഷജ്ഞാന കുതുകികളും മനസ്സുവെക്കേണ്ടതാണ്. അപ്പോള്‍മാത്രമേ വേദവും വേദസംസ്‌കാരവും സാധാരണക്കാരിലേക്ക് പുതിയ വെളിച്ചം പകരാനുള്ള സ്രോതസ്സായി പരിണമിക്കുകയുള്ളു. അതിനുള്ള വേദിയാണ് വടക്കേമഠം. ബ്രഹ്മസ്വം ലക്ഷ്യവും സാധൂകരിക്കുന്ന, ആധുനികതയും പാരമ്പര്യവും സമന്വയിക്കുന്ന വിജ്ഞാന കേന്ദ്രം. ഇതിന്റെ നിലനില്‍പ്പിനും സംരക്ഷണത്തിനും ആവശ്യമായ സഹായത്തിനും വലിയതോതില്‍ യഥാശക്തി ഞങ്ങള്‍ ശ്രമിക്കുന്നുണ്ട്. പലരും വെളിച്ചവും വഴികാട്ടിയുമായി കൂടെയുണ്ട്. മാധ്യമങ്ങളുടെ പങ്കും അഭിനന്ദനാര്‍ഹമാണ്. എങ്കിലും ഒന്നുമായിട്ടില്ല. വേദത്തിന്റെ മുഴുവന്‍ വിജ്ഞാനസ്രോതസ്സായി ഇതുകുറേക്കൂടി വളരണം. സുമനസ്സുകളുടെ മുഴുവന്‍ സംഗമവേദിയാകണം. അതിനുള്ള സാഹചര്യം സജീവമായി നിലനില്‍ക്കുന്ന പുണ്യഭൂമിയാണ്, ആചാര്യപരമ്പരയിലെ ചൈതന്യവത്തായ കേന്ദ്രമാണ് വടക്കേമഠം ബ്രഹ്മസ്വം. ജപ്പാനില്‍ വളരെ പ്രചാരമുള്ള അസാഹിഷിംബൂണ്‍ എന്ന ജാപ്പനീസ് പത്രം റിപ്പോര്‍ട്ട് ചെയ്‌തപോലെ, പ്രാചീന സംസ്‌കൃതിയുടെ ശക്തിയും ഓജസ്സും നിലനിര്‍ത്തിക്കൊണ്ടും ആധുനികതയുമായി ബന്ധപ്പെട്ടും സജീവമായി പ്രവര്‍ത്തിക്കുന്ന ലോകത്തിലെത്തന്നെ ഏക ആശ്രമ സ്ഥാപനമാണ് തൃശൂര്‍ക്കാര്‍ക്കുതന്നെ മുഴുവന്‍ ഇപ്പോഴും സുപരിചിതമല്ലാത്ത വടക്കേമഠം ബ്രഹ്മസ്വം എന്ന ബ്രഹ്മസ്വം മഠം. ഇതാണ് പ്രാചീന സംസ്‌കൃതിയുടെ കേന്ദ്രം.
പഴയനടക്കാവില്‍നിന്ന് പടിഞ്ഞാറുള്ള പടവുകള്‍ ഇറങ്ങിയാല്‍ പടിഞ്ഞാറെ കെട്ടില്‍നിന്ന് മന്ത്രധ്വനികളുടെ അലയൊലി കേട്ടുതുടങ്ങും. പ്രാചീന സംസ്‌കൃതിയുടെ നിലക്കാത്ത ധാര. അത് വറ്റിയിട്ടില്ല. വറ്റുകയുമില്ല. കുറേകൂടി അടുത്തുചെന്നാല്‍ ചമ്രംപടിഞ്ഞിരുന്ന് തലകുലുക്കി വേദം ഉറക്കെ ഉരുവിടുന്ന കൊച്ചുകുട്ടികളെ കാണാം. കളങ്കമേശാത്ത ഇവരുടെ കുരുന്ന് കണ്‌ഠങ്ങളാണ് ശ്രുതിതരംഗങ്ങളുടെ പ്രഭവസ്ഥാനം.